'ചിങ്ങമാസം വന്നുചേര്‍ന്നാല്‍'; നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി
ഗുരുവായൂര്‍: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും. ചിങ്ങമാസത്തില്‍ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങള്‍ ആണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക. ഒന്നാം ഓണ ദിനമായ സെപ്റ്റംബര്‍ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കര്‍ക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരില്‍ വിവാഹ സീസണ് ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഈ മാസം ആണ് നടക്കുന്നത്. ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരും. വേഗത്തില്‍ ദര്‍ശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും. ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തില്‍ കൂടുതലായിരിക്കും. ക്ഷത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.